പത്തനംതിട്ട : പത്തനംതിട്ട കൂട്ടബലത്സംഗക്കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. എഫ് ഐ ആറുകളുടെ എണ്ണം ഒൻപതായി.പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും . പെൺകുട്ടി ഉപയോഗിച്ച ഫോണീലേയ്ക്ക് പ്രതികളിൽ ചിലർ അശ്ലീല ദൃശ്യങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി.
വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. ഏറ്റവുമൊടുവിൽ അറസ്റ്റിലായത് റാന്നി സ്വദേശികളായ 6 പേരെയാണ്. ഇതിൽ മൂന്ന് പേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.മത്സ്യക്കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്.13 വയസ്സ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി സി ഡബ്ലിയുസിക്ക് നൽകിയ മൊഴി.
കായിക താരമായ പെൺകുട്ടിയെ , പരിശീലകർ ഉൾപ്പടെ മറ്റ് കായിക താരങ്ങളും, സഹപാഠികളും, അയൽവാസികളും, ചേർന്നാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ആദ്യം പെൺകുട്ടിയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സഹപാഠികൾക്ക് കൈ മാറുകയും ആയിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കൂടാതെ മറ്റൊരു പീഡനക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട് .
പ്രതികളായ 32 പേരുടെ പേരുകൾ ഫോണിൽ സേവ് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തുകയും ചെയ്തു. പത്തനംതിട്ടയിലെ ചുട്ടിപ്പാറ, സ്കൂൾ, പെൺകുട്ടിയുടെ വീട്, കൂടാതെ മറ്റ് പൊതു ഇടങ്ങളിൽ വച്ചു വെച്ചും പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് കുട്ടിയുടെ മൊഴി.