ആലപ്പുഴ ; കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ പോഷകാഹാരക്കുറവ് മൂലം മരിച്ചു. കാർത്തികപ്പള്ളി വില്ലേജിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷിന്റെയും താരയുടെയും മകൻ രാഹുലാണ് മരിച്ചത്. ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുൽ. താരയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാജേഷിനൊപ്പം കിടന്നുറങ്ങിയ ആൺകുട്ടിയെ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നു പൊലീസ് ഇടപെട്ടു പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടെന്നു പൊലീസ് അറിയിച്ചു. കുട്ടിക്ക് ആവശ്യമായ പരിചരണമോ ഭക്ഷണമോ ലഭിക്കാത്തതിനെത്തുടർന്ന് കടുത്ത പോഷകാഹാരക്കുറവും വിളർച്ചയും അസാധാരണമായ ശരീരഭാരക്കുറവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു
മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. മഴയിൽ വീട് തകർന്ന് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിയുന്നത്.
ഷെഡിൽ ദുരിത ജീവിതം നയിച്ചിരുന്ന അമ്മയെയും മക്കളെയും രണ്ടു മാസം മുൻപു ജനപ്രതിനിധികൾ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചിരുന്നുവെങ്കിലും രണ്ടാഴ്ചയ്ക്കു ശേഷം ഇവർ അവിടെനിന്നു മടങ്ങിയിരുന്നു.

