കൊൽക്കത്ത ; കൊൽക്കത്തയിലെ ചോർബഗാൻ സർവജനീൻ ദുർഗ്ഗാ പൂജ പന്തലിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിൽ പന്തൽ തകരാൻ പോകുന്നുവെന്ന അനൗൺസ്മെന്റാണെന്ന് പൊലീസ്. പെട്ടെന്നുണ്ടായ മഴയെത്തുടർന്ന്, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന വീഴ്ചയും, തെറ്റിദ്ധരിപ്പിക്കുന്ന മുന്നറിയിപ്പുകളും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതാകാം ദുരന്തത്തിന് കാരണമായതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പന്തൽ തകരാൻ പോകുന്നുവെന്ന് അനൗൺസ്മെന്റ് ചെയ്യുന്ന വീഡിയോ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു . “പന്തൽ തകരാൻ പോകുന്നുവെന്നും അതിനാൽ ഉടൻ പുറത്തുപോകണമെന്നും ആവശ്യപ്പെടുന്ന അനൗൺസ്മെന്റിന്റെ വീഡിയോ ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ആരാണ് ഇത് നടത്തിയതെന്നും, എന്തിന്റെ അടിസ്ഥാനത്തിലാണ് അത് നടത്തിയതെന്നും കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുകയാണ്,” എന്നും പോലീസ് പറഞ്ഞു.
അതേസമയം പ്രാദേശികവാസികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളും സാഹചര്യത്തെളിവുകളും സൂചിപ്പിക്കുന്നത്, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന പാളിച്ചകളാണ് അപകടത്തിനിടയാക്കിയതെന്നാണ്. സ്ഥലത്ത് വിന്യസിച്ചിരുന്ന പോലീസുകാരുടെയും സ്വകാര്യ സുരക്ഷാ ജീവനക്കാരുടെയും എണ്ണം വളരെ കുറവായിരുന്നുവെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
“പൂജ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. വൻതോതിൽ എത്തിയ സന്ദർശകരെ കൈകാര്യം ചെയ്യാൻ കൃത്യമായ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല, വാക്കാലുള്ള നിർദ്ദേശങ്ങളിലൂടെയാണ് കൈകാര്യം ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും, നാട്ടുകാരുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തതിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തീരെ കുറവായിരുന്നു,” മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പന്തലിലേക്കുള്ള പ്രവേശന കവാടവും , പന്തലിന് പുറത്തേക്കുള്ള വഴിയും ജനത്തിരക്ക് ഉൾക്കൊള്ളാൻ പാകത്തിന് വീതിയുള്ളതായിരുന്നില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. സന്ദർശകർക്ക് അകത്തേക്കും പുറത്തേക്കും പോകാനും തിരക്ക് നിയന്ത്രിക്കാനും ആവശ്യമായ നിർദ്ദേശങ്ങളോ അറിയിപ്പുകളോ നൽകിയിരുന്നില്ല. ഇത് തിരക്കിനിടയിൽ ആളുകളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് നിഗമനം.

