ആദിപരാശക്തിയെ അമ്മയായി കണ്ട് ആരാധിക്കുന്ന ദിവസങ്ങളാണ് നവരാത്രി . കർണാടകയിലും, തമിഴ്നാട്ടിലും കാണുന്ന രീതിയിലുള്ള ആഘോഷങ്ങൾ ഇല്ലെങ്കിലും കേരളത്തിലെ ക്ഷേത്രങ്ങളിലും ഈ ദിവസങ്ങളിൽ പ്രത്യേക പൂജകൾ നടത്താറുണ്ട്. ദേവീ ഭക്തരായവർ നവരാത്രി വ്രതങ്ങളും അനുഷ്ഠിക്കാറുണ്ട്. അതുപോലേ മലയാളികളായ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരമാണ് ദേവീ ഗീതങ്ങളും . മലയാളത്തിലെ പ്രശസ്തമായ ദേവീ ഭക്തി ഗാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം .
കുടജാദ്രിയിൽ കുടികൊള്ളും
1985-ൽ പുറത്തിറങ്ങിയ നീലക്കടമ്പ് എന്ന മലയാള സിനിമയിലേതാണ് ‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ‘ എന്ന ഗാനം. കെ. ജയകുമാറിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്റർ ആണ് സംഗീതം നൽകിയത്. കെ. ജെ. യേശുദാസ്, കെ. എസ്. ചിത്രയുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അമ്മേ ഭഗവതീ അന്നപൂർണേശ്വരീ
‘അമ്മേ ഭഗവതി’ എന്ന പ്രശസ്തമായ ദേവി ഭക്തിഗാനം പാടിയത് കെ. ജെ. യേശുദാസ് ആണ്.1987 ൽ പുറത്തിറങ്ങിയ അമ്മേ ഭഗവതി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം. എസ്. വിശ്വനാഥനാണ് സംഗീതം നൽകിയിരിക്കുന്നത് .
ദേവീ കന്യാകുമാരി …
1974-ൽ പുറത്തിറങ്ങിയ ‘ദേവി കന്യാകുമാരി’ എന്ന മലയാള സിനിമയിലെ പ്രശസ്തമായ ഭക്തിഗാനമാണ് “ദേവി കന്യാകുമാരീ പ്രസീത പ്രത്യക്ഷ മാഹേശ്വരീ”. വയലാർ രാമവർമ്മയുടെ വരികൾക്ക് ജി. ദേവരാജനാണ് സംഗീതം നൽകിയത്. കെ. ജെ. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചോറ്റാനിക്കര ഭഗവതി…
1976-ൽ പുറത്തിറങ്ങിയ ‘ചോറ്റാനിക്കര അമ്മ’ എന്ന മലയാള സിനിമയിലെ ഗാനമാണിത്. ഭരണിക്കാവ് ശിവകുമാറിന്റെ വരികൾക്ക് ഈണം പകർന്നത് ആർ കെ ശേഖറാണ്.കെ. ജെ. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആകാശരൂപിണി അന്നപൂർണ്ണേശ്വരി
1973 ൽ പുറത്തിറങ്ങിയ ‘ദിവ്യദർശനം’ എന്ന മലയാള ചലച്ചിത്രത്തിലെ ഗാനമാണ് “ആകാശരൂപിണി അന്നപൂർണ്ണേശ്വരി”. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് എം. എസ്. വിശ്വനാഥനാണ്. കെ. ജെ. യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സൗപർണ്ണികാമൃത വീചികൾ പാടും
1991 ൽ പുറത്തിറങ്ങിയ ‘കിഴക്കുണരും പക്ഷി’ എന്ന സിനിമയിലെ മനോഹരമായ ഗാനമാണ് “സൗപർണ്ണികാമൃത വീചികൾ പാടും. കെ. ജയകുമാറിന്റെ വരികൾക്ക് രവീന്ദ്രൻ മാസ്റ്ററാണ് ഈണം പകർന്നത് . കെ ജെ യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ത്രിപുരസുന്ദരി…
1977-ൽ റിലീസ് ചെയ്ത ‘ജഗദ്ഗുരു ആദിശങ്കരൻ’ എന്ന മലയാള സിനിമയിലെ ഗാനമാണിത് . പി. ഭാസ്കരന്റെ വരികൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി യേശുദാസ് ആലപിച്ച് ഗാനമാണിത്.

