ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. ബാൾസ്ബ്രിഡ്ജിലുള്ള വീട്ടിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ ഒന്നര ലക്ഷം യൂറോ വിലയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ 40 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 40 കാരന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ൻ, ഗുളികകൾ, സൈലോസിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് പുറമേ പണവും പിടിച്ചെടുത്തിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണം.

