ഡബ്ലിൻ: ശൈത്യകാലത്ത് വൈദ്യുതി- ഗ്യാസ് വിലകൾ വർധിപ്പിക്കില്ലെന്ന പ്രഖ്യാപനവുമായി യൂനോ എനർജി. ഏകദേശം ഒരു ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് ഇത് ആശ്വാസമാകുന്നത്. നേരത്തെ യൂനോ എനർജിയുടെ സഹോദര സ്ഥാപനമായ പ്രീപേ പവറും വൈദ്യുതി വിലകൾ വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജൂലൈയിലാണ് അവസാനമായി യൂനോ എനർജി വൈദ്യുതി- ഗ്യാസ് വിലകൾ വർധിപ്പിച്ചത്. വൈദ്യുതിയ്ക്ക് 9.5 ശതമാനം വർധനവും ഗ്യാസിന് 11 ശതമാനവും വർധനയാണ് കമ്പനി വരുത്തിയത്. ഇത് സാധാരണ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ഭാരം നൽകിയിരുന്നു. ശൈത്യകാലത്തും വിലകൾ വർധിക്കുന്നത് ഇവർക്ക് കൂടുതൽ തിരിച്ചടിയാകും. വിലകൾ വർധിപ്പിക്കുമോയെന്ന് സാധാരണ കുടുംബങ്ങൾ ആശങ്കപ്പെട്ടിരുന്നു.

