മയോ: കൗണ്ടി മയോയിൽ ട്രാക്ടർ തലകീഴായി മറിഞ്ഞ് കൗമാരക്കാരൻ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് കോടതിയിൽ സമർപ്പിച്ചു. ആദ്യമായിട്ടാണ് കുട്ടി ട്രാക്ടർ ഓടിക്കുന്നത് എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് ഇൻക്വസിറ്റിലുള്ളത്. 2023 മെയ് 20 ന് ആയിരുന്നു 13 വയസ്സുള്ള കൈൽ പിൽബ്രോയ്ക്ക് ജീവൻ നഷ്ടമായത്.
മായോയിലെ ക്ലാരെമോറിസിനടുത്തുള്ള സ്കാർഡൗണിൽ വച്ചായിരുന്നു കൂട്ടിയിടി.സംഭവ ദിവസം ആദ്യമായിട്ടായിരുന്നു കുട്ടി ട്രാക്ടർ ഓടിച്ചത് എന്നാണ് പോലീസിന് അന്വേഷണത്തിൽ ലഭിച്ച റിപ്പോർട്ട്. കുട്ടി ട്രാക്ടറുമായി പുറത്തേയ്ക്ക് പോയത് കുടുംബം അറിഞ്ഞിരുന്നില്ല. കുട്ടിയുടെ പരിചയക്കുറവിനെ തുടർന്ന് ട്രാക്ടർ ആ സമയം റോഡിലൂടെ പോയിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇതേ തുടർന്ന് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ കുട്ടിയുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. തുടർന്ന് ഡബ്ലിനിലെ ടെമ്പിൾ സ്ട്രീറ്റിലുള്ള ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആയിരുന്നു മരണം.

