ന്യൂഡൽഹി : ആകാശവാണി ഭവൻ വളപ്പിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും , പ്രിയങ്ക ഗാന്ധി വാദ്രയ്ക്കും മറ്റ് പ്രതിപക്ഷ നേതാക്കൾക്കുമെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
പാർലമെന്റ് മന്ദിരത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനമായ ‘നിർവചൻ സദനി’ലേക്ക് മാർച്ച് നടത്താനായിരുന്നു ‘ഇന്ത്യ’ സഖ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഈ മാർച്ചിനായി ഔദ്യോഗിക അനുമതി തേടുകയോ ലഭിക്കുകയോ ചെയ്തിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം വെച്ച് പ്രതിഷേധക്കാരെ തടഞ്ഞതിനെത്തുടർന്ന് പ്രതിപക്ഷ നേതാക്കളും എംപിമാരും അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മറ്റ് നേതാക്കളോടൊപ്പം ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിക്കുകയും അവിടെ പ്രതിഷേധം തുടരുകയും ചെയ്തു.
വളപ്പിൽ നിന്ന് മാറിപ്പോകാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് വിസമ്മതിച്ചതായി പോലീസ് പറഞ്ഞു. എംപിമാരുടെ സംഘത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ കാണാൻ അവസരം ലഭിക്കുന്നത് വരെ അവിടെ തുടരുമെന്ന് അവർ വാശിപിടിച്ചതായാണ് വിവരം.തുടർന്ന്, ക്രമസമാധാനം നിലനിർത്തുന്നതിനും സാഹചര്യം വഷളാകുന്നത് തടയുന്നതിനുമായി ഇടപെടേണ്ടി വന്നുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, മറ്റ് പ്രതിഷേധക്കാർ എന്നിവരെ സ്ഥലത്തുനിന്ന് നീക്കം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പ്രതിഷേധത്തിനിടെ 10 എംപിമാരടക്കം ഏകദേശം 260 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഇവരെ കിംഗ്സ്വേ ക്യാമ്പിലെ ‘ന്യൂ പോലീസ് ലൈൻസി’ലേക്ക് കൊണ്ടുപോവുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
ആകാശവാണി ഭവൻ വളപ്പിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചതും തുടർന്നുണ്ടായ പ്രതിഷേധവുമാണ് എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്നത്. കേസിൽ ചുമത്തിയിട്ടുള്ള വകുപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

