ന്യൂഡൽഹി ; ഇൻഡി മുന്നണി എം പി മാർക്ക് വിരുന്നൊരുക്കി കോൺഗ്രസ് പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ . ഇന്ന് ഉച്ചയ്ക്ക് 1:30 ന് ജൻപഥിലെ സാഗർ രത്നയിൽ വെച്ചാണ് ഉച്ചഭക്ഷണം നിശ്ചയിച്ചിരിക്കുന്നത് .
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ എല്ലാവരും ഒപ്പിടുന്ന കത്ത് നൽകാൻ ഇൻഡി മുന്നണി തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്നോടിയായാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത് .
ഇന്ത്യാ സഖ്യത്തിലെ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു . പ്രതിഷേധത്തിനിടെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ചോദ്യം ചെയ്യുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജനാധിപത്യത്തെ രക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു .
പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്താൻ ഗ്യാനേഷ് കുമാർ എന്തിനാണ് ഭയപ്പെടുന്നതെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ, രാജ്യസഭ എംപിമാരുമായി കൂടിക്കാഴ്ച നടത്തിയില്ലെങ്കിൽ, ജനാധിപത്യത്തിന് എന്തർത്ഥമാണുള്ളതെന്നും രാഹുൽ ചോദിച്ചിരുന്നു.
എന്നാൽ ഒക്ടോബർ 6 ന് വൈകുന്നേരം 4 മണി വരെ ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും അംഗീകൃത പ്രതിനിധി വഴി കൂടിക്കാഴ്ചയ്ക്കുള്ള ഔപചാരിക അഭ്യർത്ഥന ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു . പിന്നീട് വൈകുന്നേരം 4 മണിയോടെ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം തങ്ങളെ സന്ദർശിച്ച് മെമ്മോറാണ്ടം സമർപ്പിച്ചതായും കമ്മീഷൻ അറിയിച്ചു.

