ന്യൂഡൽഹി ; ഭരണസാരഥിയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ, ഇന്ത്യൻ ജനതയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഗുജറാത്തിൽ തുടങ്ങി പ്രധാനമന്ത്രി പദവി വരെയെത്തിയ തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് ഈ അവസരത്തിൽ ചിന്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക് ക്ഷേത്രദർശനത്തോടെയാണ് മോദിയുടെ ഇന്നത്തെ ദിവസം ആരംഭിച്ചത്. അവിടെ പ്രത്യേക പ്രാർത്ഥനകളും അനുബന്ധ ചടങ്ങുകളും അദ്ദേഹം നടത്തി. സന്ദർശനത്തിന് ശേഷം പങ്കുവെച്ച കുറിപ്പിൽ, രാജ്യത്തുടനീളമുള്ള ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി ഗണപതി ഭഗവാനോട് പ്രാർത്ഥിച്ചതായി മോദി പറഞ്ഞു. രാജ്യത്തിന്റെ തുടർപുരോഗതിക്കായി അനുഗ്രഹവും അദ്ദേഹം തേടി.
തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ പൗരന്മാരിൽ നിന്ന് ലഭിച്ച വിശ്വാസവും പിന്തുണയുമാണ് കാൽനൂറ്റാണ്ട് നീണ്ട ഈ നേട്ടം സാധ്യമാക്കിയതെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, മോദി പറഞ്ഞു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത നിമിഷം അദ്ദേഹം അനുസ്മരിച്ചു. ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കുമെന്ന് അന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു,” എന്ന് പറഞ്ഞ മോദി , ഈ നേട്ടത്തെക്കുറിച്ചുള്ള തന്റെ ചിന്തകളിൽ ജനങ്ങളെയും ജനാധിപത്യ പ്രക്രിയയെയുമാണ് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചത്.ഗുജറാത്തിൽ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് മോദി ഭരണത്തലവനെന്ന നിലയിലുള്ള തന്റെ യാത്ര ആരംഭിച്ചത്.
തുടർന്ന്, 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനെത്തുടർന്ന് ദേശീയ തലത്തിലേക്ക് മാറുകയും പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു. പിന്നീട് 2019-ലും 2024-ലും അധികാരത്തിൽ തിരിച്ചെത്തിയ അദ്ദേഹം നിലവിൽ തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റു.
ഭരണത്തലവനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഗുജറാത്ത് നിയമസഭയിലേക്കുള്ള മൂന്ന് വിജയങ്ങളും ലോക്സഭയിലേക്കുള്ള തുടർച്ചയായ മൂന്ന് വിജയങ്ങളും ഉൾക്കൊള്ളുന്നതാണ്. 25 വർഷത്തെ ജനസേവനം ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഗുജറാത്തിൽ നിന്ന് ഡൽഹിയിലേക്കുള്ള മോദിയുടെ യാത്രയെ ആസ്പദമാക്കിയുള്ള പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്. ഒക്ടോബർ 6-ന് ചേർന്ന യോഗത്തിൽ, ഭരണത്തലവനെന്ന നിലയിൽ തുടർച്ചയായി 25 വർഷത്തെ നേതൃത്വം പൂർത്തിയാക്കിയതിന് മോദിയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം അംഗീകരിച്ചതിന് ശേഷം മന്ത്രിസഭയിലെ സഹപ്രവർത്തകർ മോദിക്ക് എഴുന്നേറ്റ് നിന്ന് ആദരവ് നൽകിയതായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മോദിയുടെ ഭരണകാലയളവിലെ സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്നതിനൊപ്പം, ക്ഷേമപദ്ധതികളുടെ നടത്തിപ്പ്, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക പരിഷ്കാരങ്ങൾ, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ, വിദേശനയം തുടങ്ങിയ മേഖലകളെക്കുറിച്ചും മന്ത്രിസഭാ പ്രമേയം പരാമർശിച്ചു.
ജൻ ധൻ, പിഎം-കിസാൻ, യുപിഐ , ജിഎസ്ടി , അടിസ്ഥാന സൗകര്യ വികസനം, ഇലക്ട്രോണിക്സ് ഉൽപ്പാദനം, ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ പദ്ധതി, ചന്ദ്രയാൻ-3 തുടങ്ങിയ സംരംഭങ്ങളെയും വികസന നേട്ടങ്ങളെയും പ്രമേയം എടുത്തുപറഞ്ഞു.

