ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അന്തരീക്ഷ താപനില കുറയും. തലസ്ഥാന നഗരിയായ ഡബ്ലിനിൽ നല്ല തണുത്ത കാലാവസ്ഥ ആയിരിക്കും ഇന്ന് അനുഭവപ്പെടുക. അയർലൻഡിൽ അടുത്ത ദിവസങ്ങളിൽ തന്നെ വസന്തകാലം വന്നെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാകുന്നത്. ഇതിന്റെ സൂചനയാണ് താപനിലയിലെ കുറവ്. ബുധനാഴ്ച മുതൽ രാജ്യത്ത് അന്തരീക്ഷ താപനില കുറയുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഇന്ന് പകൽ സമയം ഡബ്ലിനിൽ അന്തരീക്ഷ താപനില 14 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഇന്നലെ 20 ഡിഗ്രി സെൽഷ്യസിലേക്ക് അന്തരീക്ഷ താപനില ഉയർന്നിരുന്നു. വ്യാഴാഴ്ച അന്തരീക്ഷ താപനിലയിൽ നേരിയ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. പിന്നീട് തണുത്ത വായു അയർലൻഡിന് മുകളിലൂടെ വീശാൻ ആരംഭിക്കും. ഇതോടെ താപനില വീണ്ടും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

