മോസ്കോ : റഷ്യയിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം നടക്കുന്നതിനിടെ, മോസ്കോയ്ക്കു നേരെ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം . ഞായറാഴ്ച മോസ്കോയെയും പരിസരപ്രദേശങ്ങളെയും ലക്ഷ്യമാക്കി യുക്രെയ്ൻ വലിയ തോതിലുള്ള ഡ്രോൺ ആക്രമണമാണ് നടത്തിയത് . നൂറുകണക്കിന് ഡ്രോണുകളെ തടഞ്ഞതായി റഷ്യ അറിയിച്ചു. തലസ്ഥാനത്തെ എണ്ണ ശുദ്ധീകരണശാലയ്ക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
തലസ്ഥാനത്തേക്ക് നീങ്ങുകയായിരുന്ന 450 ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി മോസ്കോ മേയർ സെർജി സോബ്യാനിൻ പറഞ്ഞു . നിരവധി ഡ്രോണുകൾ മോസ്കോ ഓയിൽ റിഫൈനറിയിൽ പതിച്ചതായും ഒരു പാർപ്പിട സമുച്ചയത്തിന് കേടുപാടുകൾ സംഭവിച്ചതായും റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. റിഫൈനറിയിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
മോസ്കോ മേഖലയിൽ ആളപായവും പരിക്കുകളും ഉണ്ടായതായി റഷ്യൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗവർണർ ആന്ദ്രെ വൊറോബിയോവ് പറഞ്ഞു. രാമെൻസ്കി ജില്ലയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഏകദേശം 400 പേരെ ഒഴിപ്പിച്ചു.
ആക്രമണം വിമാന സർവീസുകളെയും താൽക്കാലികമായി തടസ്സപ്പെടുത്തി. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളായ വ്നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്സ്കി, ഷെറെമെറ്റിയേവോ എന്നിവയിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.പിന്നീട് സർവീസുകൾ പുനരാരംഭിച്ചു.സെപ്റ്റംബർ 18-ന് ആരംഭിച്ച റഷ്യൻ പാർലമെൻ്ററി തിരഞ്ഞെടുപ്പിൻ്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് ഡ്രോൺ ആക്രമണം നടന്നത്. വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ യുക്രെയ്ൻ ശ്രമിച്ചുവെന്നാണ് റഷ്യയുടെ ആരോപണം.

