കൊൽക്കത്ത ; ബംഗാളിൽ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന്റെ അറസ്റ്റിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സുഭാഷിഷ് ഭട്ടാചാര്യയും അറസ്റ്റിലായി. മിലൻ പ്രധാൻ കൊലപാതക കേസിൽ പ്രതിയാണ്. അദ്ദേഹത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു .
നന്ദിഗ്രാം ഭൂപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 12 ലധികം കേസുകളിൽ ഉൾപ്പെട്ട മിലൻ പ്രധാനെ കിഴക്കൻ മേദിനിപൂർ ജില്ലയിലെ ചാന്ദിപൂരിൽ ഒരു ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് . മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സഞ്ചിത ദേ പ്രധാൻ നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന് പിന്നാലെയാണ് മിലന്റെ അറസ്റ്റ്. മമത ബാനർജി കോൺഗ്രസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സ്വന്തം സ്ഥാനാർത്ഥിയെ പിൻ വലിച്ചത്.
ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് . തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം . മിലൻ പ്രധാനെതിരെ പെട്ടെന്ന് കേസ് ഫയൽ ചെയ്തതായും അറസ്റ്റ് ചെയ്തതായും പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശുഭാങ്കർ സർക്കാർ പറഞ്ഞു.
“പശ്ചിമ ബംഗാളിൽ ബിജെപി ഏകകക്ഷി ഭരണം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഈ സംസ്ഥാനത്തും രാജ്യത്തും പ്രതിപക്ഷ രാഷ്ട്രീയം ഉണ്ടാകില്ലേ?” എന്നും ശുഭാങ്കർ സർക്കാർ ചോദിച്ചു. എന്നാൽ , ബിജെപിയുടെ ജില്ലാ നേതൃത്വം കോൺഗ്രസ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അറസ്റ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കി.

