കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർ വയോധികനായ യാത്രക്കാരനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. കൊട്ടാരക്കരയിലെ സ്റ്റോപ്പിൽ വെച്ച് ഭാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിന് മുൻപേ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതിനെ ചോദ്യം ചെയ്തതിനാണ് തർക്കമുണ്ടായത്. പെരിനാട് സ്വദേശിയായ അപ്പുക്കുട്ടൻ പിള്ളയാണ് പരാതി നൽകിയത്. ഡ്രൈവർ തന്നെ അസഭ്യം പറയുകയും ചെരിപ്പ് ഉപയോഗിച്ച് അടിക്കാൻ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ച കൊട്ടാരക്കരയിലെ ക്ഷേത്രദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്നു അപ്പുക്കുട്ടൻ പിള്ളയും ഭാര്യ രാധമ്മയും. മാമൂട് ജംഗ്ഷനിൽ വെച്ച് രാധമ്മ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തെന്നും, ഇതേത്തുടർന്ന് അവർ താഴെ വീണെന്നും പരാതിയിൽ പറയുന്നു.
ഈ സംഭവത്തെക്കുറിച്ച് അപ്പുക്കുട്ടൻ പിള്ള ഡ്രൈവറോട് ചോദിച്ചപ്പോൾ, ഡ്രൈവർ അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ ആരോപിക്കുന്നു.തുടർന്ന് ദമ്പതികൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

