കോഴിക്കോട് : സിപിഎമ്മിനെ ലക്ഷ്യമിട്ടുള്ള വ്യാജ വാർത്തകളും, കെട്ടിച്ചമച്ച കഥകളുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി . കോഴിക്കോട്ട് നടന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി. ഇത്തരത്തിൽ സിപിഎമ്മിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വരെ പുതിയ രൂപത്തിൽ രംഗത്തെത്തിയെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, 2023 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടി നേരിട്ട കനത്ത പരാജയങ്ങളെയും തിരിച്ചടികളെയും ബേബി തുറന്നു സമ്മതിച്ചു.
കേരളത്തിൽ തീവ്ര വലതുപക്ഷ വർഗീയ ഏകീകരണം നടന്നുവെന്നും അതാണ് പരാജയത്തിന് പ്രധാന കാരണമെന്നും എം.എ. ബേബി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. പിണറായി സർക്കാർ നടപ്പിലാക്കിയ തീവ്ര ദാരിദ്ര്യ നിർമ്മാർജ്ജനം ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങൾ എം എ ബേബി . വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഈ വിവരങ്ങൾ മറച്ചുവെച്ച് ഇടതുപക്ഷ മുന്നണിക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
“ആർഎസ്എസ്-സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടു. സംസ്ഥാനത്ത് തീവ്ര വലതുപക്ഷ ധ്രുവീകരണവും ഉണ്ടായി. പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ ഇഡി നടപടിയായാലും സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളായാലും, സിപിഎം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇരട്ടി കരുത്തോടെയും ഊർജ്ജസ്വലതയോടെയും തിരിച്ചുവരും,” എം.എ. ബേബി പറഞ്ഞു.

