ആലപ്പുഴ : മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നടപടിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് പ്രകോപിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ചെങ്ങന്നൂരിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി വളഞ്ഞു. കാറിൽ നിന്നിറങ്ങിയ പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പിന്നീട് മാധ്യമപ്രവർത്തകർ അകത്തേക്ക് പിന്തുടർന്നപ്പോൾ . ‘പുറത്ത് നിക്കെടോ. എന്താ ബാത്റൂമിലേക്ക് വരുവാണോ? ഇവിടെ വന്നത് മൂത്രം ഒഴിക്കാനാ. നിങ്ങളെ കാണാൻ അല്ല’ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. പിന്നാലെ അദ്ദേഹത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി 3.28 കോടി രൂപ സിഎംആർഎൽ കമ്പനിയിൽ നിന്ന് കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കത്തിൽ പറയുന്നത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ഇഡി ശുപാർശ ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് ഇഡിയുടെ കത്ത് ലഭിച്ചതായി ആഭ്യന്തര വകുപ്പും ഡിജിപിയും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പിണറായി ഇതുവരെ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഇന്ന് മാധ്യമങ്ങൾ ഇതേക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്. എന്നാൽ, പ്രതിപക്ഷ നേതാവ് പ്രതികരിക്കാൻ തയ്യാറായില്ല.
അതിനിടെ, കൈക്കൂലിയായി കിട്ടിയ പണം കൈപ്പറ്റാനും ദുബായിലേയ്ക്ക് മാറ്റാനും പിണറായി വിജയനെ സഹായിച്ചത് വീണയാണെന്ന് കത്തിൽ പറയുന്നു. മുഹമ്മദ് റിയാസും, സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി നിഖിൽ, ഹസൻ വാരിസ്, വി പി ഫൈജാസ്, എം നന്ദുലാൽ എന്നിവരും കൈക്കൂലി വാങ്ങിയ പണം വിദേശത്തേക്ക് മാറ്റാൻ സഹായിച്ചതായി കത്തിൽ പറയുന്നു. ഈ വ്യക്തികളെക്കുറിച്ചും അന്വേഷണം വേണമെന്ന് ഇഡി ശുപാർശ ചെയ്തിട്ടുണ്ട്

