കോട്ടിങ് പോയ നോൺസ്റ്റിക് പാത്രങ്ങൾ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ ? എങ്കിൽ അത് ഉടൻ നിർത്തിയേ പറ്റൂ. നോൺസ്റ്റിക് പാത്രത്തിലുണ്ടാകുന്ന ചെറിയ പോറൽ പോലും വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക. നീഗ്ലോബൽ സെന്റർ ഫോർ എൻവയോൺമെന്റൽ റെമഡിയേഷനിലെ ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, ടെഫ്ലോൺ കോട്ടിങ്ങിൽ ഉണ്ടാകുന്ന ഒരു പോറൽ 9000 ത്തിലധികം സൂക്ഷ്മ നാനോകണങ്ങളെയാണ് പുറത്ത് വിടുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുക.
നോൺസ്റ്റിക് പാത്രങ്ങൾ 170 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാകുമ്പോൾ ഇതിൽ നിന്ന് ഉയരുന്ന വിഷപ്പുക ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ കാരണമാകാം. തൈറോയ്ഡ് രോഗങ്ങൾ , ചിലതരം അർബുദങ്ങൾ എന്നിവയ്ക്ക് പോലും ഇത് കാരണമാകാമെന്നാണ് പഠനറിപ്പോർട്ടുകൾ.
അമിതമായ ചൂടിൽ ഉപയോഗിക്കാൻ പറ്റുന്നവയല്ല നോൺസ്റ്റിക് പാത്രങ്ങൾ . കുറേ നേരം അടുപ്പത്ത് വയ്ക്കുമ്പോൾ ഇതിന്റെ കോട്ടിംഗ് ഇളകിപ്പോയേക്കാം. അല്ലെങ്കിൽ കഴുകുമ്പോഴോ, കാലപ്പഴക്കം മൂലമോ പാത്രങ്ങളിൽ പോറൽ വരാം . ഇങ്ങനെയുള്ള പോറലുകൾ കണ്ടാൽ ആ പാത്രം ഉപയോഗിക്കുന്നത് ഉടൻ നിർത്തണം.
2013 വരെ നോൺസ്റ്റിക്ക് പാത്രങ്ങൾ പെർഫ്ലൂറോഒക്റ്റാനോയിക് ആസിഡ് എന്ന രാസവസ്തു ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. ഇത്തരം പാത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരിൽ വൃക്ക രോഗങ്ങളും, വൃഷണ ക്യാൻസറും കണ്ടെത്തിയിരുന്നു. ഇപ്പോഴാകട്ടെ പോളിഫ്ലൂറോ ആൽക്കൈൽ പദാർത്ഥങ്ങൾ ആണ് പാത്രങ്ങൾ നിർമ്മിക്കാനായി ഉപയോഗിക്കുന്നത്.ഇത് ഉള്ളിൽ എത്തുന്നത് വൃക്ക , കരൾ രോഗങ്ങൾ , രക്തസമ്മർദ്ദം, അർബുദം എന്നിവയ്ക്ക് കാരണമാകാം.
പോറലുകൾ കണ്ടില്ലെങ്കിൽ പോലും ഓരോ അഞ്ച് വർഷത്തിലും നോൺ സ്റ്റിക് പാനുകൾ മാറ്റണം . ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാനിൽ ആകൃതിയിലോ, നിറത്തിലോ പെട്ടെന്ന് മാറ്റം വന്നാൽ പിന്നീട് അത് ഉപയോഗിക്കരുത്. കൂടാതെ ദോശയും, ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോൾ ഒട്ടിപ്പിടിക്കുകയാണെങ്കിൽ അതും നോൺ സ്റ്റിക്ക് പാത്രം മാറ്റാൻ സമയമായി എന്നതിന്റെ സൂചനയാണ്.

