മീത്ത്: കൗണ്ടി മീത്തിൽ ആക്രമണത്തിനിരയായ യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ബ്യൂമൗണ്ട് ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു 20 കാരന് നേരെ ആക്രമണം ഉണ്ടായത്.
ബല്ലിവോറിലെ വീട്ടിൽവച്ചായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെയാണ്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം മുള്ളിംഗറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ വിദഗ്ധ പരിചരണത്തിനായി യുവാവിനെ ബ്യൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം.

