ന്യൂഡൽഹി: രാജ്യത്ത് പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 9.50 രൂപ വർദ്ധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,763.50 രൂപയായി ഉയർന്നു. കൊച്ചിയിൽ സിലിണ്ടറിന്റെ പുതിയ വില 2,763.50 രൂപയും ഡൽഹിയിൽ 2,747.50 രൂപയുമാണ്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില 200 രൂപയിൽ കൂടുതൽ കുറച്ചിരുന്നു. ഡൽഹിയിൽ 202 രൂപയും കൊൽക്കത്തയിൽ 209 രൂപയും വില കുറഞ്ഞിരുന്നു . വില കുറച്ചതിനെത്തുടർന്ന് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അല്പം ആശ്വാസം ലഭിച്ചെങ്കിലും ഇപ്പോൾ വില വീണ്ടും വർദ്ധിപ്പിച്ചു.
കഴിഞ്ഞ മാസം സിലിണ്ടറിന്റെ വില ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമായിരുന്നു. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ജൂലൈയിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു.

