പാലക്കാട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ബാലൻസ് ചെയ്യാൻ ആർ എസ് എസ്സിനെതിരെ വിമർശനം ഉന്നയിച്ച സിപിഎം നേതാവ് പി കെ ശ്രീമതിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർ എസ് എസ്സിനെ ചാരി രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
1936-ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർ എസ് എസ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ആർ എസ് എസ്സിന്റെ നിലപാട്. ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതിന്റെ പിന്നിലും ആർ എസ് എസ് ആണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ആർ എസ് എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത്, അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നായിരുന്നു പി കെ ശ്രീമതിയുടെ വാക്കുകൾ. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി സ്വകാര്യ മാധ്യമം പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ശ്രീമതിയുടെ ആർ എസ് എസ് പരാമർശം.
അതേസമയം, പ്രസ്താവനകൾ വിവാദമായിട്ടും സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാന്തപുരം നിർബാധം തുടരുകയാണ്. സ്ത്രീകൾ സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിലും വരുന്നത് ശരിയല്ലെന്നും അവരെ പൊതുവേദികളിൽ പ്രദർശിപ്പിക്കരുതെന്നും പറഞ്ഞ കാന്തപുരം, തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നതായി വ്യക്തമാക്കി. സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നതെന്നും പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം ആവർത്തിച്ചു. സ്ത്രീകളെ ആഭരണശാലയിലെ സ്വർണ്ണമാലയോട് ഉപമിച്ച കാന്തപുരം, ആഭരണങ്ങൾ ഭദ്രമായി പൊതിഞ്ഞു സൂക്ഷിക്കുന്നത് പോലെ സ്ത്രീകളെയും വീടുകളിൽ സൂക്ഷിക്കണമെന്ന തരത്തിലും പരാമർശങ്ങൾ നടത്തി.

