കണ്ണൂർ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയ്ക്കെതിരെ വീണ്ടും സാമ്പത്തിക ക്രമക്കേട് ആരോപണം. പാർട്ടി നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എഡ്യൂക്കേഷണൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത് . ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാനെന്ന പേരിൽ പതിനായിരത്തിലധികം ആളുകളിൽ നിന്ന് സൊസൈറ്റി 1,000 മുതൽ ഒരു ലക്ഷം രൂപ വരെ പണം സ്വരൂപിച്ചിരുന്നു.
ഇരിട്ടിയിൽ നിന്നുള്ള സിപിഎമ്മും ഡിവൈഎഫ്ഐ നേതാക്കളുമാണ് സൊസൈറ്റിയിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നത് . കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യനാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. 2015 ലാണ് ഇരിട്ടി ആസ്ഥാനമായി ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. അന്ന് ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇത്.
പാർട്ടിയുടെ സംഘടനാ ശൃംഖല ഉപയോഗിച്ചാണ് ഫണ്ട് ശേഖരണം നടത്തിയത്. എന്നാൽ പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥാപനത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇതിനായി ഭൂമിയും വാങ്ങിയിട്ടില്ല. സമാഹരിച്ച പണത്തിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളുമില്ലാതായതോടെയാണ് , നിക്ഷേപകർ പരാതി നൽകിയത്.
നിർദിഷ്ട കോളേജിന്റെ പണി എത്രയും വേഗം ആരംഭിക്കുകയോ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെടുന്നത് . കഴിഞ്ഞ ഏരിയ കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. അതേസമയം, ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ പറഞ്ഞു. കോളേജ് നിർമ്മാണത്തിനായി ഇരിട്ടി ടൗണിന് സമീപം 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും സൊസൈറ്റി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

