കാഠ്മണ്ഡു : നേപ്പാളിന്റെ വൈദ്യുതി ഉൽപാദനത്തെ സാരമായി ബാധിച്ച് മിന്നൽ പ്രളയം . നിരവധി ജലവൈദ്യുത പദ്ധതികളാണ് താറുമാറിലായത് . രാജ്യത്ത് ഏകദേശം 550 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയാണ് കുറഞ്ഞിരിക്കുന്നത് .അതേസമയം ഇക്കാര്യത്തിൽ നേപ്പാളിനെ സഹായിക്കാൻ സജ്ജമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ . സാധാരണ വൈദ്യുതി വിതരണം നിലനിർത്തുന്നതിന് ആവശ്യമായ അധിക വൈദ്യുതി നേപ്പാളിന് നൽകാനാണ് ഇന്ത്യയുടെ നീക്കം.
വെള്ളപ്പൊക്കം മൂലമുണ്ടായ വൈദ്യുതി ഉൽപാദനത്തിലെ കുറവ് പരിഹരിക്കുന്നതിന് കൂടുതൽ വൈദ്യുതി ഇറക്കുമതിക്ക് ഇന്ത്യ അനുമതി നൽകണമെന്ന് നേപ്പാൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ വൈദ്യുതി മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. നേപ്പാൾ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യ ആവശ്യാനുസരണം വൈദ്യുതി നൽകും.
വെള്ളപ്പൊക്കത്തിന് മുമ്പ്, നേപ്പാളിന്റെ മൊത്തം സ്ഥാപിത വൈദ്യുതി ഉൽപാദന ശേഷി 4,200 മെഗാവാട്ട് ആയിരുന്നു . അതേസമയം നേപ്പാളിലേക്ക് വൈദ്യുതി വിതരണം ചെയ്താലും രാജ്യത്തിന്റെ ആഭ്യന്തര വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയ്ക്ക് ശക്തമായ ദേശീയ പവർ ഗ്രിഡും മതിയായ വൈദ്യുതി ഉൽപാദന ശേഷിയും ഉള്ളതിനാൽ, താൽക്കാലിക ക്ഷാമം എളുപ്പത്തിൽ പരിഹരിക്കാൻ കഴിയും.
നേപ്പാളിലെ റസുവ, നുവാക്കോട്ട് ജില്ലകളിലെ നിരവധി ജലവൈദ്യുത പദ്ധതികൾക്കും വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം നൂറുകണക്കിന് തൊഴിലാളികളെയും ജീവനക്കാരെയും കാണാതായിട്ടുണ്ട്. ഒമ്പത് ജലവൈദ്യുത പദ്ധതികളിലായി ഏകദേശം 537 തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവശിഷ്ടങ്ങളും ചെളിയും നിറഞ്ഞ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാൻ ശ്രമിക്കുകയാണ് രക്ഷാപ്രവർത്തകർ .

