തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ വിമർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ . സ്ത്രീകൾ വീടിന് പുറത്തിറങ്ങരുതെന്ന കാന്തപുരത്തിന്റെ ആഹ്വാനം ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിന് പൂർണ്ണമായും അംഗീകരിക്കാനാവാത്ത നിലപാടാണെന്ന് മന്ത്രി പറഞ്ഞു.
‘ഇന്ത്യ ലിംഗനീതി ഉള്ള രാജ്യമാണ്, ഇവിടെ എല്ലാ മനുഷ്യരെയും ലിംഗഭേദമില്ലാതെ തുല്യമായി പരിഗണിക്കുന്നു. നമ്മുടെ പെൺകുട്ടികൾ വളരെ കഴിവുള്ളവരുമാണ്, മത്സര പരീക്ഷകളിൽ വിജയിക്കുകയും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിവിധ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണ സംവിധാനത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനങ്ങൾ വരെ സ്ത്രീകൾ ഇന്ന് കഴിവുള്ള ഭരണാധികാരികളായി സേവനമനുഷ്ഠിക്കുന്നു.
മുൻകാലങ്ങളിലെ വെല്ലുവിളികളെയും പ്രയാസങ്ങളെയും നേരിട്ടതിനു ശേഷമാണ് സ്ത്രീകൾ മുഖ്യധാരയിലെത്തിയത്. രാജ്യത്തിനായി മെഡലുകൾ നേടാനും രാജ്യത്തിന്റെ അഭിമാന സ്രോതസ്സുകളായി മാറാനും ഇന്നത്തെ സ്ത്രീകൾ കഴിവുള്ളവരാണെന്ന് തെളിയിച്ചിട്ടുണ്ട്.
കേരളത്തിലെ പൊതുജനങ്ങളും സർക്കാരും സ്ത്രീകളുടെ ഇത്തരം പുരോഗതിക്കൊപ്പം നിലകൊള്ളുന്നു. കൂടുതൽ പെൺകുട്ടികൾ മുന്നോട്ട് വരേണ്ടതുണ്ട് . അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുകയും ചെയ്യും. സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. അവർക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ എന്റെ നിലപാട് അതാണ്.
സർക്കാരിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം വളരെ കഴിവുള്ള നിരവധി വനിതകളുണ്ട്. അത്തരം സ്ത്രീകൾ വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിന് പൂർണ്ണമായും അംഗീകരിക്കാനാവാത്ത ഒരു നിലപാടാണെന്നും ‘ ബിന്ദു കൃഷ്ണ പറഞ്ഞു.
അതേസമയം, സ്ത്രീ സ്വാതന്ത്ര്യത്തിനെതിരായ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും അത്തരം അപകടങ്ങൾ ഒഴിവാക്കാൻ ഇസ്ലാം പർദ്ദ ധരിക്കുന്ന രീതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

