കാഠ്മണ്ഡു ; നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 95 ആയി. 400 പേരെ കാണാതായി. ഇതിൽ 133 പേർ ഇന്ത്യക്കാരാണ്. വീടുകളും വാഹനങ്ങളും പാലങ്ങളുമടക്കം ഒഴുകി പോയി .
ശക്തമായ പ്രളയമായതിനാൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബീഹാറിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇഷാ ഫൗണ്ടേഷനിൽ നിന്നുള്ള 77 തീർഥാടകരെ കാണാതായെന്നും വിവരമുണ്ട്. ടിബറ്റിലെ കൈലാസ് മാനസരോവറിൽ നിന്ന് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇമിഗ്രേഷൻ ഓഫിസിൽ നിൽക്കവേയാണ് ഇവർ ഒഴുകി പോയതെന്നാണ് വിവരം. സദ്ഗുരു അറിയിച്ചു.
രാവിലെ ഒൻപത് മണിയോടെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള ഭോട്ടെ കോശി നദിയിൽ അതിശക്തമായ കുത്തൊഴുക്കുണ്ടാകുകയായിരുന്നു . ഇത് തിമുരെ, സ്യാപ്രു ബേസി എന്നീ ഗ്രാമങ്ങളെ ഗുരുതരമായി ബാധിച്ചു . ഗൈറോങ് അതിർത്തിക്കടുത്ത് ടിബറ്റിൽ മണ്ണിടിച്ചിലും ഉണ്ടായി. മണ്ണിടിച്ചിലിൽ ആളപായമുണ്ടായെന്നും നിരവധിപേരെ കാണാതായെന്നും ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയും റിപ്പോർട്ട് ചെയ്തു.
റസുവ ജില്ലയിൽ 26 പൊലീസ് ഉദ്യോഗസ്ഥരെ കാണാതായി. ഹെലികോപ്റ്ററുകളെയും ദുരന്ത നിവാരണ സേനാംഗങ്ങളെയും ദുരിതബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ കണക്കാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു.

