ന്യൂഡൽഹി : ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയിലേയ്ക്ക് എത്തുന്നു . സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തുക. . ഷി ജിൻപിംഗിന്റെ സന്ദർശനം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഡൽഹിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും ജിൻപിംഗിന്റെ സന്ദർശനത്തിനായി ഹോട്ടൽ, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ചൈനീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
ഷിക്കൊപ്പം ഏകദേശം 400 ഉദ്യോഗസ്ഥരും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട് . ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള പ്രത്യേക പ്രതിനിധി 25-ാമത് റൗണ്ട് ചർച്ച ചൊവ്വാഴ്ച ബെയ്ജിംഗിലാണ് നടന്നത്. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം, അതിർത്തിയിലെ സമാധാനവും ശാന്തിയും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു.
2024 ഒക്ടോബറിൽ കസാനിലും 2025 ഓഗസ്റ്റിൽ ടിയാൻജിനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും തമ്മിൽ ഉണ്ടാക്കിയ സമവായം നടപ്പിലാക്കുന്നതിലെ പുരോഗതിയും ഇരുപക്ഷവും അവലോകനം ചെയ്തു. വ്യാപാരം, നേരിട്ടുള്ള വ്യോമയാന സേവനങ്ങൾ എന്നിവ ഇന്ത്യയും ചൈനയും ഇടപെടൽ പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നു.
2019-ലാണ് ഷി അവസാനമായി ഇന്ത്യ സന്ദർശിച്ചത്. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത് അതിർത്തി പ്രശ്നത്തിന്റെ രാഷ്ട്രീയ പരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരാൻ ഇരു രാജ്യങ്ങളുംസമ്മതിച്ചു. വാങ് യിയെ കാണുന്നതിന് മുമ്പ്, ഡോവൽ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും ചർച്ച നടത്തിയിരുന്നു.

