ഇസ്ലാമാബാദ് : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പ്രകോപിതരായി പാകിസ്ഥാൻ . ഗോറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനിലെ യുഎസ് ചാർജ് ഡി അഫയേഴ്സ് നതാലി ബേക്കറിനെ വിളിച്ചുവരുത്തി.
ജമ്മു കശ്മീർ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തർക്ക പ്രദേശമാണെന്നും ഇത് സംബന്ധിച്ച അന്തിമതീരുമാനം യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും കാശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി കാത്തിരിക്കുകയാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ജമ്മു കശ്മീർ തർക്കത്തിൽ അമേരിക്കയുടെ ദീർഘകാല നിലപാടിന് വിരുദ്ധമാണ് യുഎസ് അംബാസഡറുടെ പ്രസ്താവനയെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജമ്മു കശ്മീരിന്റെ നിലവിലെ തർക്കങ്ങൾക്ക് അനുസൃതമാണ് തങ്ങളുടെ പൊതു പ്രസ്താവനകളെന്ന് യുഎസ് ഉറപ്പാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയം പറയുന്നു.
പതിനഞ്ച് വർഷത്തിന് ശേഷം ജമ്മു കശ്മീരിലെത്തുന്ന ആദ്യ യുഎസ് അംബാസഡറാണ് സെർജിയോ ഗോർ . ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും വളരെ മനോഹരമായ സ്ഥലമാണെന്നുമാണ് ഗോർ പറഞ്ഞത്.
മാത്രമല്ല കശ്മീർ സന്ദർശനത്തിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഏർപ്പെടുത്തിയ മുന്നറിയിപ്പിൽ ഇളവ് വരുത്തുന്ന കാര്യത്തിൽ പുനപരിശോധന നടത്തുമെന്നും ഗോർ പറഞ്ഞു . ഇത്തരം വിലക്കുകൾ ലഘൂകരിച്ചാൽ, “നിരവധി അമേരിക്കക്കാർ ഇവിടെ വന്ന് ഈ സ്ഥലത്തിന്റെ ഭംഗി കാണുന്നത് ആസ്വദിക്കും” എന്നും ഗോർ പറഞ്ഞിരുന്നു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

