തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായി . ലോ കോളേജ് പരീക്ഷകളുടെ മൂല്യനിർണ്ണയത്തിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ചാണ് എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചത് . ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലമായി നീക്കം ചെയ്തതായി ആരോപിച്ച് എസ്എഫ്ഐ പിന്നീട് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരുടെ മുടിയിൽ പിടിച്ചു പോലീസ് ബലമായി നീക്കം ചെയ്തതായാണ് ആരോപണം.
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ലോ കോളേജുകളിലെ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ വരുത്തിയ മാറ്റങ്ങളും ഉന്നയിച്ച് എസ് എഫ് ഐ സർവകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീട് വിട്ടയക്കുമെന്ന് പോലീസ് പറഞ്ഞു.

