ന്യൂഡൽഹി : പാറ്റാ പാർട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തിരംഗ മാർച്ച് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കിയില്ലെന്ന് റിപ്പോർട്ട് . പാറ്റാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയാണ് മാർച്ച് പ്രഖ്യാപിച്ചത് . ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ മാർച്ച് നടക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പ്രകടനം നടക്കുന്നതിന് മുമ്പ്, ഡൽഹി പോലീസ് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ പാറ്റാ പാർട്ടി നടത്തിയ പ്രകടനം ഒരു ചലനവും ഉണ്ടാക്കിയില്ല. മുംബൈ ഉൾപ്പെടെ മറ്റ് നിരവധി സ്ഥലങ്ങളിലും മാർച്ച് ആസൂത്രണം ചെയ്തിരുന്നു.
മുംബൈയിൽ പാറ്റാ പാർട്ടിയുടെ “ലഹാര ദോ തിരംഗ” പ്രതിഷേധത്തിന് രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ അനുമതി നൽകിയിരുന്നു . മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന പ്രതിഷേധത്തിൽ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ പങ്കെടുത്തുള്ളു . 50 പേർ പോലും എത്തിയില്ല . ഡൽഹിയിലാകട്ടെ പാറ്റാ പാർട്ടി പ്രതിഷേധത്തിനെതിരെ വ്യാപാരികളും രംഗത്തെത്തി. പ്രതിഷേധങ്ങൾ വ്യാപാരത്തെ തടസ്സപ്പെടുത്തിയെന്നും പാറ്റാ പ്രതിഷേധം മൂലം മാർക്കറ്റിന് പ്രതിദിനം ഏകദേശം 50 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഖാൻ മാർക്കറ്റ് അസോസിയേഷനും വ്യക്തമാക്കി.
ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ പോലീസും അതീവ ജാഗ്രതയിലായിരുന്നു. ഡൽഹി പോലീസും പാരാമിലിട്ടറി സേനയും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. സെൻട്രൽ ഡൽഹിയിൽ 6,000-ത്തിലധികം ഡൽഹി പോലീസുകാരെയും സിഎപിഎഫിന്റെ 220 കമ്പനികളെയും വിന്യസിച്ചിരുന്നു . അനുമതിയില്ലാതെ ഏതെങ്കിലും മാർച്ചോ പ്രകടനമോ ഉണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് ഡൽഹി പോലീസ് മുന്നറിയിപ്പും നൽകിയിരുന്നു. വിലക്ക് ലംഘിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്തത്.

