കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മുമ്പാകെ ഹർജി . സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുന്നത് സ്വകാര്യ ബസുകളുടെ മേഖല നശിപ്പിച്ചുവെന്നും കെഎസ്ആർടിസിക്ക് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്നും ഹർജിയിൽ പറയുന്നു . പദ്ധതി വിപണിയിൽ അസമമായ മത്സര അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ന്യായമായ മത്സര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറിയിട്ടുണ്ട്. സൗജന്യ യാത്ര എന്ന ഒറ്റ കാരണം കൊണ്ടാണ് അവരുടെ മാറ്റം.
ഇതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖലയുടെ വരുമാനത്തിൽ കനത്ത നഷ്ടമുണ്ട്. സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നത് ഇപ്പോൾ സാമ്പത്തികമായി ലാഭകരമല്ലാതായി മാറിയിരിക്കുന്നു. പദ്ധതി നടപ്പിലാക്കിയതോടെ 750 സ്വകാര്യ ബസുകൾ സർവീസ് നിർത്തി. പദ്ധതി തുടർന്നാൽ കൂടുതൽ സർവീസുകൾ നിർത്തേണ്ടിവരും. സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുകയും ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്ന് ഹർജിയിൽ പറയുന്നു.

