ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ അഭിസംബോധന ചെയ്ത് കഴിഞ്ഞ ദിവസം അർധരാത്രി വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റരാത്രികൊണ്ട് ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സിനെ നേടിയതായി റിപ്പോർട്ട്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകുന്ന വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് ലൈക്കുകളും ഒരു ദശലക്ഷത്തിലധികം കമന്റുകളും ഉണ്ടായി. പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 102 ദശലക്ഷം ഫോളോവേഴ്സും കവിഞ്ഞു .
ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ, കേന്ദ്ര മന്ത്രിമാരിൽ എത്ര പേർ ഇൻസ്റ്റാഗ്രാം സജീവമായി ഉപയോഗിക്കുന്നുവെന്ന് പ്രധാനമന്ത്രി ചോദിച്ചതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നതിനപ്പുറം യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് റീലുകളടക്കം പങ്ക് വയ്ക്കാൻ മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചതായാണ് റിപ്പോർട്ട്.
2024 ലെ പൊതു പരീക്ഷാ നിയമം ശക്തിപ്പെടുത്തുന്നതിനുള്ള ഭേദഗതികൾക്ക് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ അഞ്ച് വർഷമായി ഉയർത്തുന്നതും, സംഘടിത റാക്കറ്റുകൾക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതുമാണ് നിർദ്ദിഷ്ട മാറ്റങ്ങളിൽ ഉൾപ്പെടുന്നത്.

