ന്യൂഡൽഹി : ജന്തർമന്ദറിൽ സമരം നടത്തുന്ന സംഘത്തിന്റെ രണ്ട് പ്രധാന ആവശ്യങ്ങളോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്ന് റിപ്പോർട്ട് .എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടതിനോട് കേന്ദ്രം അനുകൂല നിലപാട് അറിയിച്ചിട്ടില്ല . ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാനായി ശനിയാഴ്ച ഉച്ചവരെ സമയം തേടിയിട്ടുണ്ട്.
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് ചർച്ചകൾ നടന്നത് . സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും പരീക്ഷാ ക്രമക്കേടുകൾ ബാധിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചതായാണ് സൂചന.
സർക്കാരിനുവേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗും ഉന്നതതല ചർച്ചകളിൽ പങ്കെടുത്തു. സിജെപി പ്രതിനിധി സംഘത്തിൽ സൗരവ് ദാസ്, അശുതോഷ് റാങ്ക, അഭിജീത് ദിപ്കെ, ദീപക് ബല്യാൻ എന്നിവരുണ്ടായിരുന്നു. ഡൽഹി പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെയും സമരക്കാർ രംഗത്ത് വന്നിട്ടുണ്ട്.
“ഇന്നലെ രാത്രി മുതൽ പകൽ മുഴുവൻ, ഇന്നും ഡൽഹി പോലീസ് നിരവധി യുവാക്കളെയും സ്ത്രീകളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നതാണ് ഞങ്ങൾ ഉന്നയിച്ച മറ്റൊരു പ്രശ്നം. ജന്ദർമന്തറിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ പോയവരും, പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നവരും, ഭക്ഷണം എത്തിക്കുന്നവർ പോലും കസ്റ്റഡിയിലെടുക്കപ്പെടുന്നവരിൽ ഉൾപ്പെടുന്നു. പോലീസ് യുവാക്കളെ തിരഞ്ഞെടുത്ത് കസ്റ്റഡിയിലെടുക്കുകയും അഭിഭാഷകരെ തള്ളുകയും ചെയ്യുന്നു. ഇത് സംഭവിക്കരുതെന്നും ഞങ്ങൾ സർക്കാരിനെ അറിയിച്ചു, കാരണം ഇത് വിശ്വാസക്കുറവ് വർദ്ധിപ്പിക്കുകയേയുള്ളൂ,” എന്നാണ് സംഘം പറഞ്ഞത്.
ധർമ്മേന്ദ്ര പ്രധാന്റെ രാജി അല്ലെങ്കിൽ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യുന്നത് ഒഴികെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് സംഘം സർക്കാരിനെ അറിയിച്ചതായാണ് സൂചന.

