ഗാൽവേ: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേ. തങ്ങൾക്കുണ്ടായ പിഴവിന് ക്ഷമചോദിച്ച് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തിന് കത്ത് നൽകി. പോർച്ചുഗീസ് പൗരനായ ഹെൻറിക് കൊയ്ലോയ്ക്കാണ് ജീവൻ നഷ്ടമായത്.
2024 ജനുവരി 20 ന് ആയിരുന്നു സംഭവം. ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കൊയ്ലോയെ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും മതിയായ ചികിത്സ യുവാവിന് ലഭിച്ചില്ല. ഇതേ തുടർന്ന് അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു. സംഭവത്തിൽ കൊയ്ലോയുടെ മാതാവ് നിയമ നടപടി സ്വീകരിച്ചു. ഇതിൽ 35,000 യൂറോ നഷ്ടപരിപാഹമായി നൽകാൻ കോടതി വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി മാപ്പ് പറഞ്ഞത്. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത പിഴവാണെന്ന് കത്തിൽ പറയുന്നു.

