ഇസ്ലാമാബാദ് : ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരൻ മസൂദ് അസറിനെക്കുറിച്ചുള്ള പാകിസ്ഥാന്റെ നുണകൾ പൊളിച്ച് അഫ്ഗാനിസ്ഥാൻ . ജെയ്ഷെ മുഹമ്മദിന്റെ (ജെഎം) സ്ഥാപകനായ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് പാകിസ്ഥാൻ ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. എന്നാ ഈ വാദം അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം തള്ളി
മറ്റൊരു രാജ്യത്തിനെതിരെയും തങ്ങളുടെ പ്രദേശം ഉപയോഗിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. അസ്ഹർ അഫ്ഗാനിസ്ഥാനിലേക്ക് പലായനം ചെയ്തതായി പാകിസ്ഥാൻ വളരെക്കാലമായി പറയുന്നുണ്ട്.
പാരീസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) വരാനിരിക്കുന്ന യോഗത്തിൽ പാകിസ്ഥാന്റെ ഭീകരവിരുദ്ധ ശ്രമങ്ങൾ അവലോകനം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അഫ്ഗാനിസ്ഥാന്റെ പ്രസ്താവന. തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കൾക്കുമെതിരെ കർശന നടപടിയെടുക്കാനുള്ള സമ്മർദ്ദത്തിലാണ് പാകിസ്ഥാൻ .
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലെ പോരായ്മകളും ഭീകരവാദ ധനസഹായം തടയുന്നതിൽ പരാജയപ്പെട്ടതും കാരണം 2018 നും 2022 നും ഇടയിൽ പാകിസ്ഥാനെ എഫ്എടിഎഫ് ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിരുന്നു. ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ, ജെയ്ഷെ മുഹമ്മദിനെയും ലഷ്കർ ഇ തൊയ്ബയെയും അവരുടെ അനുബന്ധ സ്ഥാപനങ്ങളെയും നിരോധിക്കുക, അവരുടെ നേതാക്കളെ ശിക്ഷിക്കുക എന്നിവയുൾപ്പെടെ നിരവധി നടപടികൾ പാകിസ്ഥാൻ സ്വീകരിക്കേണ്ടതുണ്ട്.
ചില വിഷയങ്ങളിൽ പാകിസ്ഥാന്റെ ശ്രമങ്ങളും പ്രകടനവും 2022-ൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാൻ അനുവദിച്ചു. ഇന്ത്യയിൽ 2001-ലെ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ആക്രമണം, 2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ബോംബാക്രമണം എന്നിവ നടത്തിയത് മസൂദ് അസ്ഹറും സംഘവുമാണ് . ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 2019 മെയ് മാസത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

