വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ബീച്ചുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം. മെൻ ഓഫ് വാർ എന്ന സിഫോനോഫോറിന്റെ ഇനത്തിൽപ്പെട്ട മത്സ്യത്തിന്റ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ജെല്ലി ഫിഷുമായി സാമ്യം തോന്നുന്ന ഈ മത്സ്യത്തെ ജെല്ലി ഫിഷുകളായി തന്നെയാണ് കണക്കാക്കുന്നത്.
ഞായറാഴ്ച ആയിരുന്നു ഈ ഇനം മത്സ്യങ്ങളുടെ സാന്നിദ്ധ്യം തീരത്ത് കണ്ടത്. ഡ്യൂട്ടിയിലിരുന്ന ലൈഫ് ഗാർഡുകളാണ് ആർഡ്മോർ ബീച്ചിലെ തീരത്ത് ഇവയെ കണ്ടത്. ഉടനെ അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് ബീച്ചിൽ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് ഫ്ളാഗ് സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
നിളങ്ങുന്ന നീല നിറത്തിൽ കാണപ്പെടുന്ന ജെല്ലി ഫിഷിന് സമാനമായ രൂപഘടനയുള്ള ഈ മത്സ്യത്തിൽ വിഷവാതകം അടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യരിൽ ജീവന് ഭീഷണിയുണ്ടാക്കില്ലെങ്കിലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

