ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ശക്തമായ ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യത. ഇത് ഇലക്ട്രിക് പിക്നിക്കിനെ ബാധിച്ചേക്കും. അതേസമയം ഇതുവരെ മുന്നറിയിപ്പുകളൊന്നും മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഡബ്ലിൻ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭാഗങ്ങളിൽ ശക്തമായ മഴ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. വെള്ളപ്പൊക്കമുൾപ്പെടെയുണ്ടായി.
ഇന്ന് പൊതുവെ മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്ക് ഭാഗത്ത് കൂടുതൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. അൾസ്റ്ററിന്റെ ചില ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പകൽ മുഴുവൻ കിഴക്ക് ഭാഗത്ത് മഴ ലഭിക്കും. വൈകീട്ടോടെ ലെയ്ൻസ്റ്ററിന്റെയും അൾസ്റ്ററിന്റെയും ചില ഭാഗങ്ങളിൽ മഴയുണ്ടാകും.

