ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദത്തിലായ നീറ്റ് പുനപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷാ കേന്ദ്രങ്ങളിലായി 23 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത് . വൈകിയെത്തിയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനായില്ല.
ഡൽഹി കന്റ്ണ്മെന്റ് കേന്ദ്രീയ വിദ്യാലയപരീക്ഷാ കേന്ദ്രത്തിലും വൈകിയെത്തിയ വിദ്യാർത്ഥിക്ക പരീക്ഷ എഴുതാനായില്ല. ട്രാഫിക് ബ്ലോക്ക് കാരണമാണ് വൈകിയതെന്ന് പിതാവ് പറഞ്ഞു. പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ല. ബയോമെട്രിക് പരിശോധനകൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്നും വൈകിയതിനാൽ പ്രവേശനം അനുവദിക്കാനാകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കോഴിക്കോട് രണ്ട് മിനിട്ട് താമസിച്ചെത്തിയ വിദ്യാർത്ഥിയെ ഉള്ളിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി സ്വദേശിയായ വിദ്യാർത്ഥിയാണ് വൈകി എത്തിയത്. വാഹനം ലഭിക്കാത്തതിനാലാണ് വൈകിയതെന്ന് വിദ്യാർത്ഥി പറഞ്ഞിരുന്നു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങളിൽ രണ്ടരലക്ഷം പൊലീസുകാരെയും, 15000 അർധസൈനികരെയും വിന്യസിച്ചു.ചോദ്യപേപ്പറിന്റെ സുരക്ഷാചുമതലയും അർധസൈനിക വിഭാഗങ്ങൾക്കാണ്.
പരീക്ഷാകേന്ദ്രങ്ങളിൽ ഒന്നരലക്ഷം സിസിടിവി ക്യാമറകളും, 51000 സിഗ്നൽ ജാമറുകളും ഏർപ്പെടുത്തി. ക്യാമറകളിലെ ദൃശ്യങ്ങൾ നീറ്റ് പരീക്ഷ ചുമതലയുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രത്യേക സംഘം തൽസമയം നിരീക്ഷിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മേൽനോട്ടത്തിനായി 6669 നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകൾ എത്തിച്ചതും വ്യോമസേനയുടെ വിമാനങ്ങളിലാണ്.
ചോദ്യപേപ്പര്‍ ക്രമക്കേട് ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമമായ ടെലിഗ്രാമിനടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

