ഡബ്ലിൻ: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യം. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മേരി ഐക്കനാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയത്. ആർടിഇയുടെ മോണിംഗ് അയർലൻഡ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കിൽഡെയറിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു അവരുടെ പ്രതികരണം.
അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനെ മഹത്വവത്കരിച്ചുകൊണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണം എന്നാണ് ആവശ്യം. ഇത്തരത്തിൽ വീഡിയോകൾ പ്രചരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കണം. സോഷ്യൽ മീഡിയയിൽ ലൈക്കുകൾ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസിക ഡ്രൈവിംഗിന് ആളുകൾ മുതിരുന്നതെന്നും മേരി കൂട്ടിച്ചേർത്തു.

