തിരുവനന്തപുരം : ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രതി ചേർക്കാൻ തീരുമാനം. 2025-ൽ ദ്വാരപാലക പാളി മാറ്റിയതിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തെത്തുടർന്നാണ് പ്രശാന്ത് ഉൾപ്പെടെയുള്ള ഭരണസമിതിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പുതിയ എസ്ഐടി തീരുമാനിച്ചത്.
സ്വർണ്ണ പാളികളുടെ കൈമാറ്റത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. മുൻ ഭരണസമിതി ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു . പ്രശാന്ത് ഉൾപ്പെടെ ഭരണസമിതിയിലെ മൂന്ന് അംഗങ്ങളെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
2025-ൽ ഹൈക്കോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലക ശില്പങ്ങളും , കട്ടിളപാളികളും സ്വർണ്ണം പൂശുന്നതിനായി നൽകിയതായി എസ്ഐടി അന്വേഷണത്തിൽ വ്യക്തമായി. ഇതിന് പിന്നിൽ പ്രത്യേക ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രാജിലാൽ, ദേവസ്വം സെക്രട്ടറി ബിന്ദു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.
ശബരിമല സ്വർണ്ണ മോഷണക്കേസ് അനിശ്ചിതമായി നീട്ടാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം 29-നകം സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതിനാൽ, അവർക്കെതിരെ കേസെടുത്ത് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്. ഭരണസമിതിയുടെ പൂർണ്ണ അറിവോടെയാണ് ദ്വാരപാലക ശില്പങ്ങൾ സ്വർണ്ണം പൂശുന്നതിനായി നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പുതിയ പ്രതികളെ ചേർക്കാൻ എസ്ഐടി ഒരുങ്ങുന്നത്.

