ഡബ്ലിൻ: റെസ്റ്റോറന്റ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് ഷീലാ പാലസ് ഉടമ ജിതിൻ റാം. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.
കഴിഞ്ഞ ഏഴാം തിയതി റെസ്റ്റോറന്റിൽ എച്ച്എസ്ഇ പരിശോധന നടത്തിയിരുന്നു. ഇതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് റെസ്റ്റോറന്റ് ഉദ്യോഗസ്ഥർ അടപ്പിച്ചു എന്നായിരുന്നു വാർത്ത. ഇത് ഐറിഷ് മാധ്യമങ്ങൾ ഉൾപ്പെടെ വലിയ വിഷയമായി ഉയർത്തിക്കാട്ടി. ഇതോടെയാണ് സംഭവത്തിൽ വ്യക്തത വരുത്തി ജിതിൻ റാം രംഗത്ത് എത്തിയത്.
നവീകരണ പ്രവർത്തനങ്ങൾക്കായി റെസ്റ്റോറന്റ് അടച്ച വേളയിൽ ആയിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതെന്ന് ജിതിൻ റാം പറഞ്ഞു. ഈ സമയം കെട്ടിടത്തിൽ എലിക്കാഷ്ഠം ഉണ്ടായിരുന്നു. തുടർന്ന് അടച്ചുപൂട്ടൽ ഉത്തരവ് നൽകി. എലി കടക്കാൻ സാധ്യതയുള്ളതിനാൽ കെട്ടിടത്തിന്റെ ഹോളുകൾ അടയ്ക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. തുടർന്ന് ഹോളുകൾ അടച്ച ശേഷം 15ാം തിയതി തന്നെ റെസ്റ്റോറന്റ് തുറക്കാൻ എച്ച്എസ്ഇ അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

