ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകൾക്ക് വേണ്ടി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. രാജ്യത്തെ എല്ലാ സ്വകാര്യ സാറ്റലൈറ്റ് ടിവി ചാനലുകളും 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്സ് റെഗുലേഷൻ ആക്ടും 1994ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്സ് റൂൾസും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ചില സ്വകാര്യ ചാനലുകൾ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 2021ലെ കേബിൾ ടെലിവിഷൻ നെറ്റ്വർക്സ് നിയമഭേദഗതി പ്രകാരം രൂപീകൃതമായ വകുപ്പുതല സമിതിയുടെ കണ്ടെത്തലുകൾ ഗൗരവതരമാണ്. റൂൾ 6 പ്രകാരമുള്ള പ്രോഗ്രാം കോഡുകൾ പാലിക്കുന്നതിൽ വിവിധ ചാനലുകൾ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
പരിപാടികളുടെ ഉള്ളടക്കങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്ത ചാനലുകൾക്കെതിരെ നടപടിക്ക് വകുപ്പുതല സമിതി ശുപാർശ ചെയ്യുന്നുണ്ട്. പ്രക്ഷേപണം ചെയ്യുന്ന പരിപാടികളിൽ അനുചിതമായ പെരുമാറ്റങ്ങളോ ഭാഷയോ അനുവദിക്കില്ലെന്നും മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
സുരക്ഷാസേനകൾ നടത്തുന്ന ഭീകരവിരുദ്ധ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ പാടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ ഇത്തരം അവസരങ്ങളിൽ കൃത്യമായി പാലിക്കണം. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിൽ അവധാനത വേണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ വസ്തുനിഷ്ഠമായിരിക്കണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.
ബോധപൂർവ്വമായി അസത്യങ്ങളോ അർദ്ധസത്യങ്ങളോ പ്രചരിപ്പിക്കരുത്. നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്. അസ്വസ്ഥത ഉളവാക്കുന്ന ദൃശ്യങ്ങൾ ബ്ലർ ചെയ്തോ മാസ്ക് ചെയ്തോ കാണിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മഹത്വവത്കരിക്കാൻ പാടില്ല.
ദുരന്തങ്ങളും അപകടങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുകയോ പരിഭ്രാന്തി സൃഷ്ടിക്കുകയോ ചെയ്യരുത്. സംവാദങ്ങളിലും ചർച്ചകളിലും മതസൗഹാർദം തകർക്കുന്നതോ രാജ്യവിരുദ്ധമായതോ ആയ ഉള്ളടക്കങ്ങൾ കടന്നുവരാൻ പാടില്ല. ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമായവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു സൂചനകളും നൽകാൻ പാടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

