ന്യൂഡൽഹി: ഉത്പന്നങ്ങൾക്ക് മേൽ അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് നെസ്ലെ ഇന്ത്യക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. ദഹിക്കാൻ എളുപ്പമുള്ള വേ പ്രൊട്ടീൻ അടങ്ങിയിരിക്കുന്നു എന്ന് ലാക്ടോജൻ പ്രോ 1 എന്ന ഉത്പന്നത്തിന് മേൽ നെസ്ലെ അവകാശപ്പെടുന്നു. എന്നാൽ, വേ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുന്നു എന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവ് ലഭ്യമല്ലെന്ന് എഫ് എസ് എസ് എ ഐ നൽകിയ നോട്ടീസിൽ പറയുന്നു. കമ്പനിയുടെ അവകാശവാദം സാധൂകരിക്കുന്ന തെളിവ് എത്രയും വേഗം ലഭ്യമാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
കോമ്പ്ലാൻ, നാൻ എക്സെല്ലാ പ്രോ സ്റ്റേജ് 1 തുടങ്ങിയ ഉത്പന്നങ്ങളും, മുലപ്പാലിന് പകരം ഉപയോഗിക്കുന്ന ചില ഉത്പന്നങ്ങളും ഇത്തരത്തിൽ അശാസ്ത്രീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യവും എഫ് എസ് എസ് എ ഐ ചൂണ്ടിക്കാട്ടുന്നുണ്ട്.
തെറ്റായ ഉള്ളടക്കങ്ങളുടെ പേരിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് അടുത്തയിടെ നൂറ്റിയൻപതോളം ഭക്ഷ്യ-പാനീയ ഉത്പന്നങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടതായി എഫ് എസ് എസ് എ ഐ അധികൃതർ അവകാശപ്പെടുന്നു. രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ നിർബന്ധമായും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കണമെന്നും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ലാഭമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും എഫ് എസ് എസ് എ ഐ വ്യക്തമാക്കുന്നു.

