ഡബ്ലിൻ: ഡബ്ലിനിൽ വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ ആയിരുന്നു 21 വയസ്സുള്ള യുവാവ് ആക്രമണത്തിന് ഇരയായത്.
ഗ്രാഫ്റ്റൺ സ്ട്രീറ്റിന് സമീപമുള്ള ക്ലാരെൻഡൻ സ്ട്രീറ്റിൽ പുലർച്ചെ മൂന്ന് മണിയോടെ യുവാവിനെ പരിക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അൽപ്പ നേരത്തിലുള്ളിൽ അദ്ദേഹം മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

