ന്യൂഡൽഹി : നവംബർ 1 ന് രാം ലീല മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന റാലി മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിയ സഖ്യത്തിലെ ഘടകകക്ഷികൾക്കും കത്ത് നൽകി ‘ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി’ .രാഹുൽ ഗാന്ധിയ്ക്ക് കത്റ്റ് നൽകിയതിന് പിന്നാലെയാണ് ഘടകകക്ഷികൾക്കും കത്ത് നൽകിയിരിക്കുന്നത് . നവംബർ 1 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലി മറ്റൊരു തീയതിയിലേയ്ക്ക് മാറ്റാൻ കോൺഗ്രസിനോട് ആവശ്യപ്പെടണമെന്നാണ് കത്തിൽ പറയുന്നത്. രാം ലീല മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലമില്ലെന്ന ആശങ്കയും വ്യാപാരി സംഘടന പങ്ക് വച്ചു . അഖിലേഷ് യാദവ് , മമത ബാനർജി , ഉദ്ദവ് താക്കറെ എന്നിവർക്കാണ് നിലവിൽ കത്ത് നൽകിയിരിക്കുന്നത് .
മധ്യഡൽഹിയിലും, പഴയ ഡൽഹിയിലുമുള്ള ഏകദേശം 20 പ്രധാന മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലായി പ്രതിദിനം 10,000 മുതൽ 12,000 കോടി രൂപ വരെ വിറ്റുവരവ് നടക്കുന്നുണ്ടെന്നും, റാലി കാരണം ഇത് തടസ്സപ്പെട്ടേക്കാമെന്നും വ്യാപാരി സംഘടന ചൂണ്ടിക്കാട്ടുന്നു. റാലിയെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ 10 ലക്ഷം ആളുകളും, 20000 വാഹനങ്ങളും എത്തിയാൽ അത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നും സി ടി ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. ‘ദീപാവലി സീസണിലെ ഈ തിരക്കേറിയ സമയത്ത് ഞങ്ങളുടെ ഉപജീവനമാർഗം തകർക്കരുതെന്ന് കൈ കൂപ്പി അപേക്ഷിക്കുകയാണ് ‘ – ബ്രിജേഷ് ഗോയൽ പറഞ്ഞു.
നവംബർ 6 ന് ധൻ തേരാസും, 8 ന് ദീപാവലിയുമാണ് . ഇതിനായി സാധനങ്ങൾ ശേഖരിക്കുന്ന തിരക്കാണ് വ്യാപാരികൾക്ക് . ഇതിനിടെ 200 വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ കഴിയാത്ത രാം ലീല മൈതാനത്ത് പതിനായിരത്തിൽ പരം വാഹനങ്ങൾ എത്തിയാലുള്ള നില എന്താകുമെന്നും വ്യാപാരികൾ ചോദിക്കുന്നു.
ഒക്ടോബർ 10 നടന്ന സമരത്തിൽ പോലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ജവഹർലാൽ നെഹ്റു മാർഗ്, ബഹാദൂർ ഷാ സഫർ മാർഗ്, നേതാജി സുഭാഷ് മാർഗ്, ചാന്ദ്നി ചൗക്ക്, അജ്മേരി ഗേറ്റ് എന്നിവയ്ക്ക് ചുറ്റുമുള്ള റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

