കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിനെയും കോടതി വിമർശിച്ചു . സർക്കാരിന്റെ അപ്പീലിലാണ് കോടതിയുടെ വിമർശനം. അപ്പീൽ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റി.
തന്ത്രിയ്ക്ക് കേസ് അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത് . തന്ത്രിയ്ക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം . മാത്രമല്ല ജാമ്യ ഉത്തരവിൽ തന്ത്രിയ്ക്കെതിരെ തെളിവുകളുടെ കണിക പോലുമില്ലെന്ന് പരാമർശമുണ്ടായിരുന്നു . ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരാമർശം കീഴ്ക്കോടതി നടത്താൻ പാടില്ലായിരുന്നുവെന്നുമാണ് സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നത് . മാത്രമല്ല കോടതിയുടെ ഈ പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ നീക്കമെന്ന് സമ്മതിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്നും വ്യക്തമാക്കി.
വാതിൽ ചട്ടക്കൂട് കേസിലും ദ്വാരപാലക വിഗ്രഹ പാളി കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലായിരുന്നു തന്ത്രിയ്ക്ക് ജാമ്യം അനുവദിച്ചത് . ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ, തന്ത്രി എന്ന നിലയിൽ അദ്ദേഹം ദേവന്റെ സമ്മതം മാത്രമാണ് നൽകിയതെന്നും ദേവസ്വം ബോർഡിലെ മറ്റ് പ്രതികൾക്കെതിരായ ഒരു കുറ്റവും കണ്ഠരര് രാജീവരർക്കെതിരെയല്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണ്ണ മോഷണ കേസിൽ യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തതെന്ന് അന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു . തന്ത്രിയുടെ അറസ്റ്റ് സംശയാസ്പദമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

