തിരുവനന്തപുരം : കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സാമ്പത്തിക നഷ്ടത്തെ കുറിച്ചുള്ള കണക്കുകൾ ഗതാഗതസെക്രട്ടറിയ്ക്ക് കൈമാറി. മൂന്ന് മാസത്തെ കണക്കുകളാണ് നൽകിയിരിക്കുന്നത് . ഓർഡിനറി ബസുകളിൽ 57 കോടിയും, സിറ്റി ഫാസ്റ്റ് ബസുകളിൽ 65 കോടിയും, ഓർഡിനറി , ഫാസ്റ്റ് , സൂപ്പർ ഫാസ്റ്റ് ബസുകളിൽ 90 കോടിയുമാകും നഷ്ടം വരിക .മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി രൂപയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
12 ലക്ഷത്തോളം സ്ത്രീകളാണ് പ്രതിദിനം കെ എസ് ആർടി സിയിൽ യാത്ര ചെയ്യുന്നത് . ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായി ബസുകളിൽ നിലവിൽ ജെൻഡർ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് . ജൂൺ 15 മുതൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനാണ് നീക്കം . ഇതിനു മുന്നോടിയായി ഗതാഗത മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പ്രധാനമായും സൗജന്യ യാത്ര നൽകുക . ഫാസ്റ്റ് പാസഞ്ചർ ബസുകളിലും നിശ്ചിത ദൂരപരിധിയിൽ സൗജന്യ യാത്ര അനുവദിക്കുന്ന കാര്യം പരിഗണയിലുണ്ട്. എന്നാൽ യാത്രാദൂരത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കർണാടകയിലും, തമിഴ്നാട്ടിലും ഇതിനോടകം സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. കർണാടകയിൽ എസി , സ്ലീപ്പർ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കിയിട്ടുണ്ട് . തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യ യാത്ര .

