കൊൽക്കത്ത: വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ ബംഗാൾ സാക്ഷിയാകുന്നത് ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്. ഒരു മിനിറ്റുകളിലും ഇരു പാർട്ടികളുടെയും ലീഡ് നില മാറി മറിയുകയാണ്. നിലവിൽ ടിഎംസി 53 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 48 സീറ്റുകളിൽ ബിജെപി മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്.
എട്ട് മണിയോടെയാണ് ബംഗാളിൽ വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം പോസ്റ്റൽ വോട്ടുകളും എട്ടരയോടെ ഇവിഎമ്മുകളും എണ്ണാൻ ആരംഭിച്ചു. ആദ്യ മിനിറ്റുകളിൽ ശക്തമായ മുന്നേറ്റം ആയിരുന്നു ബിജെപി കാഴ്ചവച്ചത്. ആദ്യ മിനിറ്റിൽ തന്നെ 17 സീറ്റുകളിൽ ബിജെപി മേൽക്കൈ നേടി. പിന്നീട് 31 സീറ്റുകളായി ലീഡ് നില ഉയർത്തി.
എന്നാൽ എട്ടരയോടെ ഇവിഎമ്മുകൾ എണ്ണിത്തുടങ്ങിയതോടെ തൃണമൂൽ കോൺഗ്രസ് ബിജെപിയെ മറികടന്നു. ഇതിനിടെ നിമിഷങ്ങളുടെ വ്യത്യാസത്തിൽ വീണ്ടും ലീഡ് നില മാറി മറിഞ്ഞു. അതേസമയം ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ശക്തമായ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടിരിക്കുന്നത്. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

