ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായ ‘ധുരന്ധർ’ എന്ന ചിത്രം ആഗോള ബോക്സ് ഓഫീസിൽ സുനാമിയാണ് സൃഷ്ടിച്ചത്. ഇതിനു ശേഷം വന്ന ‘ധുരന്ധർ 2’ വും റെക്കോർഡുകൾ തകർത്ത് മുന്നേറി. ഇപ്പോഴിതാ ‘ധുരന്ധർ 2’ ജൂലൈ 10 ന് ജപ്പാനിലുടനീളം ഗംഭീരമായി റിലീസ് ചെയ്യുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത് . ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്താകും ചിത്രം റിലീസ് ചെയ്യുക.
ജപ്പാനിൽ ഇന്ത്യൻ സിനിമകൾക്ക് നിരവധി ആരാധകരുണ്ട്. പ്രത്യേകിച്ച് ജപ്പാൻ ജനത ആക്ഷൻ, ഫാന്റസി സിനിമകൾ ധാരാളം കാണുന്നവരുമാണ്. ‘കെജിഎഫ്’, ‘ആർആർആർ’ തുടങ്ങിയ ചിത്രങ്ങൾ ജപ്പാനിൽ റിലീസ് ചെയ്യുകയും അവ വളരെയധികം പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. ഇനി ‘ധുരന്ധർ’ സിനിമയുടെ ഊഴമാണ്.
‘ധുരന്ധർ’ ലോകമെമ്പാടുമായി ഇതിനകം 1,328 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഇത് മാറി. ജപ്പാനിൽ റിലീസ് ചെയ്യുന്നതോടെ ചിത്രത്തിന്റെ വരുമാനം ഇനിയും വർദ്ധിക്കും . വടക്കേ അമേരിക്കയിൽ, എക്കാലത്തെയും നമ്പർ 1 ഹിന്ദി ചിത്രമായി ധുരന്ധർ മാറി. കനേഡിയൻ, ഓസ്ട്രേലിയൻ, ബ്രിട്ടീഷ് സിനിമാ വിപണികളിലും മികച്ച പ്രകടനം കാഴ്ചവച്ച് ചിത്രം ചരിത്രം സൃഷ്ടിച്ചു.
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

