ഡബ്ലിന്‍ : ആപ്പിള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അയര്‍ലൻഡിൽ അടച്ച നികുതി റെക്കോർഡ് തുകയാണെന്ന് റിപ്പോർട്ട്. കടുത്ത നിയമപോരാട്ടത്തിനൊടുവിൽ 17.1 ബില്യണ്‍ ഡോളറാണ് കമ്പനി അടച്ചത് . ലോകമെമ്പാടുമായി കമ്പനി അടച്ച 43.2 ബില്യണ്‍ ഡോളര്‍ ആദായനികുതിയുടെ ഏകദേശം 40 ശതമാനമാണ് അയര്‍ലൻഡില്‍ രേഖപ്പെടുത്തപ്പെട്ടത്.
വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ആപ്പിളില്‍ നിന്ന് അയര്‍ലൻഡിന് കിട്ടേണ്ട പഴയ നികുതി തുകയും ഇതില്‍ ഉള്‍പ്പെടുന്നു. ആപ്പിളിന് അയര്‍ലൻഡ് നിയമവിരുദ്ധമായ നികുതി ആനുകൂല്യങ്ങള്‍ നല്‍കിയെന്നായിരുന്നു 2016-ല്‍ യൂറോപ്യന്‍ കമ്മീഷന്റെ കണ്ടെത്തല്‍.
മറ്റ് രാജ്യങ്ങളില്‍ നികുതിയായി നല്‍കേണ്ടിയിരുന്ന ലാഭത്തിന്റെ വലിയൊരു ഭാഗം അയര്‍ലൻഡിലൂടെ കൈകാര്യം ചെയ്യാന്‍ ഈ ആനുകൂല്യങ്ങള്‍ സഹായിച്ചുവെന്നായിരുന്നു കമ്മീഷന്റെ വാദം.എന്നാല്‍ ഇത് അയർലൻഡ് അംഗീകരിച്ചില്ല. പ്രത്യേക പരിഗണന ആപ്പിളിന് നല്‍കിയിട്ടില്ലെന്ന നിലപാടുമായി അയര്‍ലൻഡും ആപ്പിളും നിയമപോരാട്ടം നടത്തി. എട്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2024 സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി കമ്മീഷന്റെ നിലപാട് ശരിവച്ചു.

