രാഷ്ട്രീയത്തിലെ വമ്പന്മാർ നേർക്കുനേർ ഏറ്റുമുട്ടുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ. എൽഡിഎഫിന്റെ വി.കെ സനോജ്, കോൺഗ്രസിന്റെ ചന്ദ്രൻ തില്ലങ്കേരി, ബിജെപിയുടെ ബിജു ഇളക്കുഴി എന്നിവരാണ് മട്ടന്നൂരിൽ നിന്നും ഇക്കുറി ജനവിധി തേടുന്നത്. മൂന്ന് കരുത്തന്മാരും ബലാബലം പരീക്ഷിക്കുമ്പോൾ മണ്ഡലം ആരെ തുണയ്ക്കുമെന്ന് കണ്ട് തന്നെ അറിയണം. മണ്ഡലത്തിന്റെ ഇരിപ്പുവശം പരിശോധിച്ചാൽ ഇടത്തോട്ടുള്ള ചായ്വ് വ്യക്തം.
കേരളത്തിൽ തന്നെ രണ്ട് തവണ ജന്മംകൊണ്ട മണ്ഡലമാണ് മട്ടന്നൂർ. 1957ലാണ് മട്ടന്നൂർ നിയമസഭ ആദ്യമായി നിലവിൽ വന്നത്. എന്നാൽ 1965 ലെ പുനർനിർണയത്തോടെ മട്ടന്നൂർ നിയമസഭാമണ്ഡലം അപ്രത്യമായി. 1957 ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐയുടെ എൻ ഇ ബലറാം ആയിരുന്നു വിജയിച്ചത്. 1960 ലും അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1965 ൽ ഇല്ലാതായ മണ്ഡലം പിന്നീട് 2008 ലെ പുനർനിർണയം വഴി വീണ്ടും പിറവികൊണ്ടു. പിന്നീട് 2011 ലും 2016 ലും നടന്ന തിരഞ്ഞെടുപ്പിൽ ഇ.പി ജയരാജൻ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 2011 ലെ തിരഞ്ഞെടുപ്പിന് ശേഷം കെ.കെ ശൈലജയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. വമ്പിച്ച ഭൂരിപക്ഷത്തിൽ ആയിരുന്നു ശൈലജയുടെ വിജയം. 96,129 വോട്ടുകളാണ് ശൈലജയ്ക്ക് ലഭിച്ചത്.
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂർ, കൂടാളി, മാലൂർ, മങ്ങാട്ടിടം, കോളയാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഇരിട്ടി താലൂക്കിലെ പടിയൂർ – കല്യാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ. 2021 ലെ കണക്കുകൾ പ്രകാരം 1,89,308 വോട്ടർമാർ മണ്ഡലത്തിൽ ഉണ്ട്. വടക്കൻ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് മട്ടന്നൂർ

