ന്യൂഡൽഹി : കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഉഭയകക്ഷി സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഉദ്ധരിച്ച് ഇന്ത്യയിലെ അമേരിക്കൻ എംബസി എക്സിൽ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത് .
പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിച്ചുവരുന്ന നിർണായക ഘട്ടത്തിൽ എംബസിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
“ഇന്ത്യയുമായുള്ള ഞങ്ങളുടെ അത്ഭുതകരമായ ബന്ധം മുന്നോട്ട് പോകുമ്പോൾ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ ചെയ്തു തീർക്കുന്ന രണ്ട് ആളുകളാണ്“എന്നും എക്സിലെ പോസ്റ്റിൽ പറയുന്നു. ചൊവ്വാഴ്ച ഇരു നേതാക്കളും തമ്മിലുള്ള ഉന്നതതല ടെലിഫോൺ സംഭാഷണത്തിനു പിന്നാലെയാണ് പോസ്റ്റ് പുറത്ത് വന്നത്. ചർച്ചയിൽ പ്രാദേശിക സംഘർഷം കുറയ്ക്കുന്നതിനും ആഗോള വ്യാപാര പാതകളുടെ സംരക്ഷണത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
“ഇന്ത്യ എത്രയും വേഗം സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പിന്തുണ നൽകുന്നു. ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതും സുരക്ഷിതവും ആക്സസ് ചെയ്യാവുന്നതുമായി തുടരുന്നത് ഉറപ്പാക്കേണ്ടതും മുഴുവൻ ലോകത്തിനും അത്യന്താപേക്ഷിതമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെക്കുറിച്ച് ബന്ധം പുലർത്താൻ ഞങ്ങൾ സമ്മതിച്ചു.”എന്നാണ് ട്രമ്പുമായി സംസാരിച്ച ശേഷം മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

